District News
അമ്പലപ്പുഴ: ഹൗസ്ബോട്ട് ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 5-ാം വാർഡ് പറവൂർ കുന്നാന്തറ വീട്ടിൽ അനിഷ് കുമാറി(29)നെയാണ് മരിച്ച നിലയിൽ കണ്ടത്. പുന്നപ്ര പോലീസ് മേൽനടപടി സ്വീകരിച്ചു. പ്രേമനൈരാശ്യമാണ് മരണകാരണമെന്നാണ് സൂചന.
Kerala
ആലപ്പുഴ: കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസ് (33) ആണ് മരിച്ചത്.
കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപമാണ് മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
കുമരകം: കുമരകം ചീപ്പുങ്കൽ തോട്ടിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങിത്താണു. ഹൗസ് ബോട്ടിലുണ്ടായിരുന്ന യുപി സ്വദേശികളായ ദമ്പതികളെയും എട്ടു വയസായ കുട്ടിയെയും ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തുണ്ടായിരുന്ന ശിക്കാര വള്ളത്തിൽ കയറ്റി രക്ഷിച്ചു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ ഡുമിന്റെ തകരാറാണ് വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാരുടെ ലാപ്ടോപ്പും രണ്ട് മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു. വിദഗ്ധ സംഘമെത്തി മുങ്ങിക്കിടന്ന ഹൗസ് ബോട്ടുയർത്തി. ഡബിൾ റൂം ഉള്ള ഹൗസ് ബോട്ടിനു തകരാറുകൾ സംഭവിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.
ബാറ്ററിയിൽ നിന്ന് ലീക്ക് ഉണ്ടായതാണ് അപകട കാരണമെന്ന് സംശയം. ഹൗസ്ബോട്ടിന്റെ ഉള്ളിൽ അപകടകരമായി ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം. സിലിണ്ടർ മർദ്ദം മൂലം പൊട്ടിതെറിക്കാൻ സാധ്യതയുള്ള നിലയിലാണ്.